
Colour coding scheme for vehicle number plates / വാഹന റെജിസ്ട്രേഷന് പുതിയ കളർ കോഡ് നിലവിൽ വന്നു. പുതിയ വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന താൽക്കാലിക റെജിസ്ട്രേഷനു നൽകിവരുന്ന പേപ്പർ പ്രിന്റ് നമ്പർ പ്ലേറ്റുകൾക്കു പകരം കളർ കോഡ് നമ്പർ പ്ലേറ്റുകൾ കൊണ്ടു വന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം.
പലരും താൽക്കാലിക റെജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു ഫാൻസി നമ്പർ കിട്ടുന്നതുവരെ ആഴ്ചകളോളം പുതിയ വാഹനങ്ങൾ കൊണ്ടുനടക്കുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നത്. മാത്രമല്ല പേപ്പർ പ്രിന്റ് നമ്പർ പ്ലേറ്റുകൾ സുരക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ റീഡ് ചെയ്യാൻ പറ്റുന്നില്ല.
വാഹനം എന്തെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ടാൽ നമ്പർ പ്ലേറ്റ് പേപ്പർ എളുപ്പം നശിപ്പിച്ചു കളയാൻ പറ്റുകയും ചെയ്യും. അതിനാൽ മാത്രമാണ് ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നത്. നമ്പർ പ്ലേറ്റിൽ ഇംഗ്ലീഷ് അക്കങ്ങളല്ലാതെ മറ്റു പ്രദേശിക ഭാഷകൾ ഉപയോഗിക്കാൻ പാടില്ല. ലോഗോ, മറ്റു ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
താൽക്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങളിൽ മഞ്ഞ ബാക്ഗൗണ്ടിൽ ചുവപ്പ് നിറത്തിൽ ആൽഫ അക്കങ്ങൾ പ്രദർശിപ്പിക്കുമെന്നും, ഡീലർമാരുടെ കൈവശമുള്ള വാഹനങ്ങളിൽ ചുവപ്പ് ബാക്ഗൗണ്ടിൽ വെള്ള നിറത്തിൽ ആൽഫ അക്കങ്ങൾ പ്രദർശിപ്പിക്കണമെന്നുമാണ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ അറിയിപ്പ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്ലേറ്റുകൾ പച്ചനിറത്തിലുള്ള ബാക്ക്ഗ്രൗണ്ടിൽ മഞ്ഞ നിറത്തിൽ ആൽഫ അക്കങ്ങൾ പ്രദർശിപ്പിക്കുന്നത് തുടരും.