
Harley-Davidson left India | അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയിലെ നിര്‍മ്മാണവും വില്പനയും അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. ലോകവ്യാപകമായി നടത്തുന്ന ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇന്ത്യ വിടാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ലോകം മുഴുവനും ഹാർലിക്ക് ആരാധകരും വിൽപ്പനയും ഉണ്ടെങ്കിലും, ഇന്ത്യയിലെ മാർക്കറ്റിൽ ഹാർലിക്ക് പിടിച്ചുനിൽക്കാൻ ആയില്ല. സാധാരണക്കാർക്ക് താങ്ങാവുന്ന വില അല്ലാത്തതിനാൽ, വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് ഓരോ വർഷവും ഹാർലിക്ക് ഇന്ത്യൻ മാർക്കറ്റിൽ വിൽക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷം 2500 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്ത് വില്ക്കാന് കഴിഞ്ഞത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തില്‍ 100 ബൈക്കുകള്‍ മാത്രമാണ് വിറ്റുപോയത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും മോശം വില്‍പ്പനയാണ് കമ്പനിക്ക് ഇന്ത്യയില്‍ നിന്നുമുണ്ടായത്.

2010ലാണ് ഹാര്‍ലി ഇന്ത്യയിലെത്തിയത്, 2012ല്‍ ഹരിയാനയിലെ ബാവലില്‍ അസംബ്ലിങ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. ഈ പ്ലാന്റിന്റെ പ്രവര്‍ത്തനവും അവസാനിപ്പിക്കുമെന്നും ഗുരുഗ്രാമിലെ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 11 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം ഇന്ത്യയിലെ വിൽപ്പന, ഉൽപാദന പ്രവർത്തനങ്ങൾ നിർത്തുകയാണ് ഹാർലി.
ആഭ്യന്തര ഉല്പാദനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും കമ്പനിക്ക് തിരിച്ചടിയായി. ഹാര്‍ലിക്ക് ആവശ്യക്കാര്‍ ഏറെയുള്ള നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലയിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പിനിയുടെ നീക്കം.
