
Google Invest India / രാജ്യത്തെ വൻകിട കമ്പനികളിലും വളർച്ചാ സാധ്യതയുള്ള ഡിജിറ്റൽ സേവനദാതാക്കളിലും 75,000 കോടി രൂപ നിക്ഷേപിക്കാൻ ഗൂഗിൾ. അടുത്ത 5 മുതൽ ഏഴുവർഷത്തിനുള്ളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
വൻകിട കമ്പനികളിൽ മാത്രമല്ല ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപംനടത്തും. ഡാറ്റ സെന്റർപോലുള്ള അടിസ്ഥാന സൗകര്യമേഖലകളിൽ കാര്യമായ നിക്ഷേപമുണ്ടാകും. ഡിജിറ്റൽ ഇന്ത്യ മുന്നേറ്റം ഗൂഗിളിന് വൻസാധ്യതകളാണ് തുറന്നിടുന്നതെന്നും പിച്ചൈ സൂചിപ്പിച്ചു.
ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കാനും രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ സ്വാധീനമുറപ്പിക്കാനുമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള പ്രമുഖ വിദേശകമ്പനികളിൽനിന്ന് റിലയൻസ് ജിയോ 1.18 ലക്ഷംകോടിയോളം രൂപ നിക്ഷേപം സമാഹരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഗൂഗിൾ പേ പോലെ ആഗോളതലത്തിൽ പ്രചരിപ്പിക്കാവുന്ന ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് തുടരും. ഇംഗ്ലീഷ് ഭാഷയോടൊപ്പം പ്രാദേശികഭാഷകളിലേയ്ക്കുകൂടി ശ്രദ്ധകേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.