
മഴക്കാലം പകർച്ചവ്യാധികളുടെ കാലമാണെന്ന് പറയാം. വൈറൽ ഫീവർ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലമ്പനി, പന്നിപ്പനി, എന്നിവയൊക്കെ വരാം. എല്ലാ പകർച്ചവ്യാധികളുടെയും പൊതുവായ ലക്ഷണം പനിയാണ്. വ്യക്തിശുചിത്വം മാത്രം സംരക്ഷിച്ച് പകർച്ചവ്യാധികളെ തടയാനാവില്ല. പരിസരശുചിത്വവും ആഹാര ശുചിത്വവും പാലിക്കണം.
കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഒരു വൈറൽ ഫീവർ എങ്കിലും ബാധിക്കാത്തവർ കുറവായിരിക്കും. അലർജി കാരണമുള്ള തുമ്മൽ, ശ്വാസംമുട്ട്, സൈനസൈറ്റിസ് എന്നിവയും വർധിക്കാം.
രോഗം പകരാതിരിക്കാൻ എന്തൊക്കെ ചെയ്യാം ?
പകർച്ചവ്യാധികൾ പിടിപെട്ടാൽ പൂർണവിശ്രമം എടുക്കുക. ഹസ്തദാനം നൽകുവാനോ മുഖം മറയ്ക്കാതെ തുമ്മുവാനോ പാടില്ല. വായുവിലൂടെ പകരുന്ന രോഗമുള്ളവരെ മറ്റുള്ളവർ സന്ദർശിക്കുന്നത് ഒഴിവാക്കണം. രോഗികൾ പ്രത്യേക മുറിയിൽ താമസിക്കണം. രോഗബാധ ഉള്ളയാൾ ഉപയോഗിച്ച എല്ലാ വസ്തുക്കളും അണുവിമുകതമാക്കി ഉപയോഗിക്കുക. കൊതുക് ശല്യം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ശരീരം പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുക് കടി ഏൽക്കാതിരിക്കാൻ സഹായിക്കും.
പകർച്ച വ്യാധികൾ എങ്ങനെ ബാധിക്കാം ?
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളല്ല. രോഗബാധയുള്ളവരെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. അതിനാൽ രോഗമുള്ളവർ നിർബന്ധമായും കൊതുക് വല ഉപയോഗിക്കണം. പെൺവർഗത്തിൽപ്പെട്ട ഈഡിസ് കൊതുകുകളാണ് ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തുന്നത്.
എലിപ്പനി കൂടുതലായും ബാധിക്കുന്നത് മലിനജലത്തിൽ നിന്നോ വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നോ ആയിരിക്കും. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ മലിന ജലത്തിൽ ചവിട്ടുമ്പോൾ മുറിവുകളിലൂടെ എലിപ്പനിയുടെ രോഗാണുക്കൾ പകരാം. എലിയുടെ മൂത്രം വീണ ആഹാരമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും.
പകർച്ചവ്യാധികൾ എങ്ങനെ തടയാം ?
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്, ചെറിയ വീടുകളിൽ താമസിക്കുന്നവർക്ക് കൊതുക് വലകൾ ഉപയോഗിച്ച് കൊതുക് വീടിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ കഴിയില്ല, അങ്ങനെ ഉള്ളവർ വൈകുന്നേരങ്ങളിൽ കുന്തിരിക്കം ഉപയോഗിച്ച് വീടിനുള്ളിലും പരിസരത്തും പുകയിടുക. മലിനജലത്തിൽ ഇറങ്ങാതിരിക്കുക.