175 യാത്രക്കാർക്ക് ദമാമിൽ നിന്നും ഇന്ത്യയിൽ മടങ്ങി എത്താൻ സൗജന്യ യാത്രയൊരുക്കിയ രണ്ടുപേർ
മംഗളുരു: ദമാമിൽ നിന്നും ബുധനാഴ്ച വൈകുന്നേരം 175 യാത്രക്കാരുമായി മംഗളുരുവിലേക്ക് ഗൾഫ് എയർലൈൻസിൻറെ ചാർട്ടേഡ് വിമാനം എത്തിയിരുന്നു. ഈ വിമാനം ചാർട്ട് ചെയ്തത് അല്‍-ഖോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഖ്കോ (SAQCO) നിര്‍മാണ കമ്പനി ഡയറക്ടര്‍ അൽത്താഫ് ഉള്ളാളും, സി.ഇ.ഒ. ബഷീർ സാഗറുമാണ്. മംഗളുരു, ഉള്ളാൾ സ്വദേശികൾ ആണ്.
കൊറോണ വൈറസ് മൂലം സൗദിയിൽ കുടുങ്ങിപ്പോയവരെ നാട്ടിൽ തിരികെ എത്തിക്കാൻ ആണ് അവർ വിമാനം ചാർട്ട് ചെയ്തത്. അവരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആരെയും ഈ വിമാനത്തിൽ ഉൾപ്പെടുത്തിയില്ല, പകരം 55 ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുള്ള 20 രോഗികള്‍, 61 വയോധികര്‍, 35 കുട്ടികൾ എന്നിവരായിരുന്നു ഈ വിമാനത്തിലെ യാത്രക്കാർ.
175 യാത്രക്കാർക്ക് വേണ്ടി ചാർട്ടേഡ് വിമാന സൗകര്യം ഒരുക്കി എന്നതല്ല ഇവർ ചെയ്തത്, പകരം ഇത്രയും യാത്രക്കാരുടെയും മുഴുവൻ യാത്ര ചെലവും, കോവിഡ് ടെസ്റ്റ് ചെലവും അൽത്താഫ് ഉള്ളാളും, ബഷീർ സാഗറുമാണ് വഹിച്ചത്.
Also Read | സോഷ്യല്‍മീഡിയയിലെ താരമാണ് ഈ എട്ടാം ക്ലാസുകാരന്: സമയോചിതമായ അദ്വൈതിൻ്റെ ഇടപെടൽ രക്ഷിച്ചത് 4 ജീവനുകൾ
ചാര്‍ട്ടേഡ് വിമാനം പുറപ്പെടുന്നതു സംബന്ധിച്ച പ്രഖ്യാപനം പുറത്തു വന്ന മൂന്ന് ദിവസത്തില്‍ 500 അപേക്ഷകളാണ് ലഭിച്ചതെന്ന് സ്ഥാപനം അധികൃതര്‍ അറിയിച്ചു. ഇതില്‍ നിന്ന് ഗര്‍ഭിണികള്‍, വയോധികര്‍, കുട്ടികള്‍, രോഗികള്‍, ബന്ധുക്കള്‍ മരിച്ചവര്‍, സന്ദര്‍ശന വിസയില്‍ വന്നവര്‍ എന്നീ ക്രമത്തില്‍ മുന്‍ഗണന നല്‍കിയാണ് പരിഗണിച്ചത്.
ബുധനാഴ്ച വൈകുന്നേരം ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വൈകാരികമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു, കാരണം 175 യാത്രക്കാർക്ക് അവരുടെ വീടുകളിലേക്കുള്ള യാത്ര ആരംഭിക്കാൻ കഴിഞ്ഞപ്പോൾ അവരുടെ വികാരങ്ങൾ മറയ്ക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ 3 മാസമായി വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ അലയുകയായിരുന്ന ആളുകൾ പുഞ്ചിരിക്കുന്നതും, ആ നിമിഷം സന്തോഷിക്കുന്നതും കണ്ട് തനിക്ക് അതിയായ സന്തോഷമുണ്ടായതായി ബഷീർ സാഗർ പറഞ്ഞു. ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെ വൈകാരിക രംഗങ്ങൾ ആസ്വദിച്ചു.
അൽത്താഫിനെയും, ബഷീറിനേയും പോലെയുള്ള മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനുഷ്യർ ഉള്ളടത്തോളം കാലം ഓരോ ദുരന്തങ്ങളെയും നമുക്ക് അതിജീവിക്കാൻ കഴിയും.
നിങ്ങൾക്ക് ചുറ്റുമുള്ള നല്ലവർത്തകൾ ഞങ്ങളെ അറിയിക്കാം: മെസ്സഞ്ചർ വഴിയോ അല്ലെങ്കിൽ info@hourlyindia.com