
Ayodhya Lord Ram Temple foundation stone by PM Modi / രാമ ക്ഷേത്ര (Ram Temple Ayodhya) ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി ആഘോഷങ്ങൾ ആണ് രാജ്യത്തിനകത്തും വിദേശത്തുമായി നടക്കുന്നത്. കോവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കിൽ ലോകചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിക്കുമായിരുന്നു രാമ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ. കോവിഡ് മഹാമാരിക്കിടയിലും നിരവധി ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഓഗസ്റ്റ് 5 ന് രാമ ക്ഷേത്ര നിർമ്മാണ ശിലാസ്ഥാപന ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെ മണി റാം ദാസ് ചൗനിയിൽ 1,11,000 ലഡ്ഡു തയ്യാറാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും ലഡ്ഡു ശ്രീരാമന് സമർപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്ന് അയോധ്യയിലെ ഒരു പണ്ഡിറ്റ് പറയുന്നു.
Also Read / ടൈം സ്ക്വായറിൽ രാമന്റെ ചിത്രങ്ങൾ കൊണ്ട് നിറയും | Ayodhya Ram Temple groundbreaking ceremony
അതിനുശേഷം, ശിലാസ്ഥാപന ചടങ്ങിനായി വരുന്ന എല്ലാ ഭക്തർക്കും അവ വിതരണം ചെയ്യും. കൂടാതെ രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലേക്കും അയച്ചുകൊടുക്കും. അയോദ്ധ്യ, രാമ ക്ഷേത്രം എന്നിവയുടെ ചരിത്രത്തെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും, ഒരു പെട്ടി ലഡ്ഡൂവും ഒരു ഷാളും അടങ്ങുന്ന ഒരു ബാഗും തയ്യാറാക്കുന്നുണ്ടെന്ന് അദ്ദേഹം ANI യോട് പറഞ്ഞു.
ഓഗസ്റ്റ് 5 ന് അയോധ്യയിലെ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം പ്രധാനമന്ത്രി മോദി നിർവ്വഹിക്കും. നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാർ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവർ പങ്കെടുക്കുന്ന ചടങ്ങിന് ശേഷം അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കും.
രാജ്യം ഇതുവരെ കാണാത്ത അഭൂതപൂർവ്വമായ കാഴ്ചകൾക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 500 വർഷത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ അയോദ്ധ്യ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഭക്തർ പറയുന്നു, അതിന്റെ ആഘോഷത്തിൽ ആണ് രാജ്യത്തെ രാമ ഭക്തർ.