
രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. നിയന്ത്രണാധികാരം പൂർണമായും റിസർവ് ബാങ്കിലേക്ക് പോകുന്നതോടെ സഹകരണ ബാങ്കുകളിലെ 8.6 കോടി ആളുകളുടെ 4.84 ലക്ഷം കോടിയുടെ നിക്ഷേപം ആർബിഐയുടെ പരിധിയിലാകും.
ഇതോടെ അർബൻ സഹകരണ ബാങ്കുകളും മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആർബിഐ നിയമങ്ങൾക്ക് വിധേയമാകും. 1482 അർബൻ സഹകരണ ബാങ്കുകളെയും 587 മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൻ കീഴിലാവുക.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ റിസർവ് ബാങ്ക് നേരിട്ട് പരിശോധിക്കും. ഇതിനു പുറമേ, ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 50,000 രൂപയിൽ താഴെയുള്ള മുദ്ര വായ്പകൾക്ക് രണ്ടുശതമാനം പലിശയിളവ് നൽകാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി.
മുദ്ര പദ്ധതി പ്രകാരം 9.37 കോടി ഗുണഭോക്താക്കൾ (50,000 രൂപയിൽ താഴെയുള്ള വായ്പകൾ) മുദ്ര പദ്ധതിയിൽ ഉണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു, അതിനാൽ ഈ നീക്കം സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്ക് വലിയ ആശ്വാസം നൽകും. പലിശ സബ്സിഡിയുടെ ആനുകൂല്യം നൽകാൻ 1,540 കോടി രൂപ ചെലവഴിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു, ഇത് 2020 ജൂൺ 1 മുതൽ 2021 മെയ് 31 വരെ തുടരും.