
Covid patients flat covered by metal sheet in karnataka / കോവിഡ് രോഗിയും കുടുംബവും താമസിച്ചിരുന്ന രണ്ട് ഫ്ലാറ്റുകൾ മെറ്റൽ ഷീറ്റുകൊണ്ട് അടച്ച സംഭവം വിവാദമായി. സ്ത്രീയും രണ്ട് കുട്ടികളും, പ്രായമായവരും താമസിച്ചിരുന്ന ഫ്ലാറ്റുകളാണ് ഹോം ക്വാറന്റൈൻ ഉറപ്പാക്കുന്നതിനായി ബംഗളുരു ബിബിഎംപി ഉദ്യോഗസ്ഥർ ഷീറ്റ് കൊണ്ട് അടച്ചത്. ഷീറ്റ് കൊണ്ടടച്ച ഫ്ലാറ്റിന്റെ ചിത്രങ്ങൾ അയൽക്കാരനായ സതീഷ് സംഗമേശ്വരൻ എന്നയാളാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
രണ്ട് കുട്ടികളും സ്ത്രീയും പ്രായമായ ദമ്പതികളുമാണ് ക്വാറന്റൈനിൽ കഴിയുന്നത്. ഒരു തീപിടുത്തം നടന്നാൽ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ബിബിഎംപി കമ്മീഷണർ ചിന്തിച്ചിട്ടുണ്ടോ?, ഇത് വളരെ അപകടം പിടിച്ച ഒരു നടപടിയാണ്. കുടുംബത്തിന് ആവശ്യവസ്തുക്കൾ ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ടെന്നും സതീഷ് സംഗമേശ്വരൻ ട്വിറ്ററിൽ കുറിച്ചു.
വൻ പ്രതിഷേധമാണ് ബിബിഎംപിക്ക് നേരെ ഉയർന്നത്. തുടർന്ന് ബിബിഎംപി കമ്മീഷണർ ഷീറ്റുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സംഭവം വിവാദമായതോടെ ക്ഷമചോദിച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തി.