
Tanishq Love Jihad Controversial Ad | ട്രോളുകളും വിമർശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്വലിച്ച് ജനപ്രിയ ജ്വല്ലറി ബ്രാൻഡായ തനിഷ്ക്. ടൈറ്റാൻ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങൾ കാരണം പിൻവലിച്ചത്.
ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലീമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തിൽ കാണിക്കുന്നത്. ഗർഭിണിയായ മരുമകൾക്കായി ബേബിഷവർ ചടങ്ങുകൾ ഒരുക്കിയ അമ്മായിഅമ്മ. ഈ ചടങ്ങ് വീട്ടിൽ ഈ വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്നാണ് അമ്മായിഅമ്മ മറുചോദ്യം ഉന്നയിക്കുന്നത്.
‘സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള് വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹര സംഗമം’ എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ #BoycottTanishq ട്വിറ്ററിൽ ട്രെൻഡിങ് ആയതോടെയാണ് പരസ്യം പിൻവലിക്കാൻ കമ്പനി തീരുമാനിച്ചത്. രണ്ട് മത വിഭാഗങ്ങൾ തമ്മിലുള്ള ആത്മബന്ധമാണ് പരസ്യത്തിലൂടെ ഉദ്ദേശിച്ചത്, എന്നാൽ പരസ്യത്തെ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം “ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു” എന്ന് പ്രചരിപ്പിച്ചു. എന്നാൽ മറ്റുചിലർ വർഗീയതയെയും വിദ്വേഷം നിറഞ്ഞ പോസ്റ്റുകളെയും ബഹിഷ്കരിക്കുന്ന പ്രവണതയെ അപലപിച്ചു, ഇത് ഇന്ത്യയുടെ ആശയത്തിന് എതിരാണ് എന്ന് പറഞ്ഞു.
ഇത്തരം വിദ്വേഷങ്ങൾ നേരിടേണ്ടിവരുമ്പോൾ പിന്നോട്ട് പോകരുതെന്ന് വ്യവസായിയായ രത്തൻ ടാറ്റയോട് പരസ്യത്തെ പിന്തുണയ്ക്കുന്നവർ അഭ്യർത്ഥിച്ചു. എന്തുകൊണ്ടാണ് തനിഷ്ക് സമ്മർദ്ദത്തിന് വഴങ്ങി പരസ്യം എടുത്തുകളഞ്ഞതെന്നും ചിലർ ചോദിച്ചു.