
മകന്റെ കൂടെ യാത്ര ചെയ്യവെ ബൈക്ക് തെന്നി റോഡിൽ വീണ അമ്മയെ തനിച്ചാക്കി മകൻ കടന്നുകളഞ്ഞു. ഞായറാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് ഹരിപ്പാട്ടെ ബന്ധുവിട്ടീലേക്ക് മകനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്നു അമ്മ. ഹരിപ്പാട് താമ്മലാക്കലിൽ വെച്ച് ബൈക്ക് റോഡിൽ തെന്നി വീണു.
ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന അമ്മ റോഡിലേക്ക് തെറിച്ചു വീണു. വീഴുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും മകൻ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് തിരിച്ചറിഞ്ഞ് പോലീസിനെ വിളിച്ചു അറിയിക്കുകയുമായിരുന്നു.
നാട്ടുകാരുടെ ശകാരവും പോലീസ് വരുമെന്നും മനസിലാക്കിയപ്പോൾ, മകൻ അമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീഴ്ചയിൽ അമ്മയ്ക്ക് പരിക്കേറ്റിരുന്നില്ല. രംഗം വഷളാകുന്നത് കണ്ട് തന്നോട് പറഞ്ഞാണ് മകൻ പോയതെന്ന് അമ്മ നാട്ടുകാരെ അറിയിച്ചു.
താൻ ഓട്ടോയിൽ കയറി ബന്ധുവീട്ടിലെത്തുമെന്ന് പറഞ്ഞതിനെത്തുടർന്നാണ് മകൻ പോയതെന്ന് സ്ഥലത്തെത്തിയ പോലീസിനോടും അമ്മ പറഞ്ഞു. തുടർന്ന് പോലീസ് അമ്മയെ ബന്ധുവീട്ടിലെത്തിച്ചു. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.