
Covid Triple lockdown Irinjalakuda / സമ്പർക്ക രോഗബാധ വർദ്ധിച്ചതോടെ തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ഏറ്റവും കൂടുതൽ സമ്പർക്ക രോഗ വ്യാപനം ഉണ്ടായ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ.
ഇതുവരെ 313 സമ്പർക്ക കേസുകളാണ് തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. പകുതിയോളം പോസിറ്റീവ് കേസുകളും ഇരിങ്ങാലക്കുട, മുരിയാട്, കാട്ടൂർ, കാറളം, ആളൂർ, പൂമംഗലം ഉൾപ്പെടെയുള്ള ഇടങ്ങളിലാണ്.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും രോഗികളും ഉൾപ്പെടെ 9 പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന.
ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ, സർജറി വാർഡുകൾ അടച്ചു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 50 പേർ ഇവിടെ നിരീക്ഷണത്തിലാണ്.
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിൽ 10 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ചു. 36 പേർ നിരീക്ഷണത്തിൽ ആണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ 20 പൊലീസുകാർ നിരീക്ഷണത്തിലാണ്.