
Karipur Air India Flight Crash 2 Dead / കരിപ്പൂര്‍ വിമാനാപകടം 3 പേര് മരിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. പൈലറ്റ് മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു മറിഞ്ഞ് രണ്ടായി പിളര്‍ന്നത്. ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കുണ്ടെന്നാണ് അറിയുന്നത്. വിമാനം നെടുകെ പിളര്‍ന്ന രൂപത്തിലാണ്. കോക്ക് പിറ്റ് മുതല്‍ മുന്‍ വാതില്വരേയാണ് വിമാനം പിളര്‍ന്നത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനത്തിലുള്ളവരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലേക്കെത്തിക്കുകയാണ്. 191 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
വലിയ ശബ്ദത്തോട് കൂടിയാണ് വിമാനം തകർന്നത്. വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നിരുന്നു. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പലരുടെയും നില ഗുരുതരമാണ്. പരുക്കേറ്റ 17 പേരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് പേരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.