
Floods Repeat in Kerala this August / ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് അതി തീവ്ര ന്യൂനമർദ്ദം ആകുന്നതോടെ സംസ്ഥാനത്ത് അതി ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ആന്ധ്രയുടെ വടക്കും ഒഡീഷയുടെ തെക്കുമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് അറിയിച്ചു. ഓഗസ്റ്റ് പകുതിയോടെ ഇടിയോട് കൂടിയ കനത്ത മഴ പെയ്യാനാണ് സാധ്യത.
നിലവിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനുളള സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഓഗസ്റ്റ് 5, 6 തീയതികളിലായി ഇത് ന്യൂനമർദ്ദമായി രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ഇത് അതി തീവ്ര ന്യൂനമർദ്ദമായി മാറുന്നതോടെ ഓഗസ്റ്റിന്റെ രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ കനത്ത മഴ പെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഇതനസരിച്ചുള മുൻകരുതൽ നടപടികൾക്ക് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷവും ഓഗസ്റ്റിലാണ് കേരളത്തിൽ ഏറ്റവുമധികം മഴ ലഭിച്ചത്. ശരാശരിയേക്കാൾ അധികം മഴ ലഭിച്ചതിനാൽ ഈ രണ്ടുവർഷവും സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് 2019ലും 2018ലും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടത്.