
ആയൂര്‍: ഹെൽമറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ മോട്ടർ വാഹന വകുപ്പിന്റെ നടപടി. ബൈക്കോടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
ഹെല്‍മറ്റ് ഇല്ലാതെ പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വിഡിയോ സഹിതം മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഡി. മഹേഷ് നിര്‍ദേശിച്ചു. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്.
പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്.