
Ayodhya Ram Temple groundbreaking ceremony / പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിടാൻ പോകുന്ന ഓഗസ്റ്റ് 5 ന് ചരിത്ര നിമിഷം ആഘോഷിക്കാൻ ഒരുങ്ങുന്നതായി ന്യൂയോർക്കിലെ പ്രമുഖ കമ്മ്യൂണിറ്റി നേതാവും അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റുമായ ജഗദീഷ് സെവാനി പറഞ്ഞു.
ഇതിനായി 17,000 ചതുരശ്രയടി വലിപ്പമുള്ള, ലോകത്തിലെ ഏറ്റവും വലിയ എക്സ്റ്റീരിയർ പരസ്യ ഡിസ്പ്ലേകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ എൽഇഡി ഡിസ്പ്ലേ സ്ക്രീനും വാടകയ്ക്ക് എടുക്കുന്നു.
ഈ സ്ക്രീനിൽ ഓഗസ്റ്റ് 5 ന് രാവിലെ 8 മുതൽ രാത്രി 10 വരെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ‘ജയ് ശ്രീ റാം’ എന്ന ശബ്ദവും, കൂടാതെ രാമക്ഷേത്രവും, രാമകഥകളുടെ ഛായാചിത്രങ്ങളും വീഡിയോകളും, ക്ഷേത്രത്തിന്റെ രൂപകൽപ്പനയുടെയും വാസ്തുവിദ്യയുടെയും 3 ഡി ഛായാചിത്രങ്ങളും പ്രദർശിപ്പിക്കും. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തുന്ന ചിത്രങ്ങളും മറ്റ് പരസ്യ ബോർഡുകളിൽ പ്രദർശിപ്പിക്കും.
പ്രധാനമന്ത്രി മോദിയുടെ കീഴിൽ ലോകത്തെമ്പാടുമുള്ള ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമാണ് രാമക്ഷേത്രം നിർമാണം. ആറ് വർഷം മുമ്പ് വരെ, ഈ ദിവസം ഉടൻ വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ മോദിയുടെ നേതൃത്വം കാരണം, ഈ ദിവസം വന്നിട്ടുണ്ട്, അത് ഉചിതമായ രീതിയിൽ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഓഗസ്റ്റ് 5 ന് രാമൻറെ ചിത്രങ്ങൾ ടൈം സ്ക്വയറിൽ നിറയുമെന്ന് അദ്ദേഹം പറഞ്ഞു.
അന്നേദിവസം ഈ ശുഭദിനം ആഘോഷിക്കുന്നതിനും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനുമായി ഓഗസ്റ്റ് 5 ന് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും ടൈംസ് സ്ക്വയറിൽ ഒത്തുകൂടുമെന്ന് സെവാനി പറഞ്ഞു.