
USA not allow foreign workers in federal agencies / എച്ച് 1ബി വിസയില്‍ അമേരിക്കയിലെത്തി അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ കരാറടിസ്ഥാനത്തില്‍ ജോലിക്ക് നിയമിക്കുന്നത് വിലക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ( Donald Trump ) പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരമാണ് വിലക്ക്. ഇതുസംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
H1ബി വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളാണ്. ഈ ഉത്തരവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇന്ത്യക്കാരെ ആയിരിക്കും. അമേരിക്കക്കാരുടെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടം ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നതെന്നാണ് ട്രംപിന്റെ വാദം.
ഫെഡറല്‍ ഉടമസ്ഥതയിലുള്ള ടെന്നസി വാലി അതോറിറ്റി (ടിവിഎ) തങ്ങളുടെ സാങ്കേതിക ജോലികളില്‍ 20 ശതമാനത്തോളവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് കരാര്‍ കൊടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പെട്ടെന്നുള്ള നടപടിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
എച്ച് 1 ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഈ വിസ ഉള്ളവർക്കും തിരിച്ചടിയാകുന്നതാണ് പുതിയ ഉത്തരവ്. അമേരിക്കന്‍ ജോലികള്‍ സംരക്ഷിക്കുന്നതിനായി ട്രംപ് ഭരണകൂടം മുന്‍പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എച്ച് 1 ബി, എല്‍ 1, ജെ 1 വിസകള്‍ വര്‍ഷാവസാനം വരെ നിര്‍ത്തിവെച്ച തീരുമാനങ്ങള്‍ അവയില്‍പ്പെടുന്നു.