
Gautam Gambhir Select Best Captain India / മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി സ്ഥാനമൊഴിയുന്ന സമയത്ത് മികച്ച താരങ്ങൾ ഉൾപ്പെടുന്ന ശക്തമായ ടീമിനെയാണ് പിൻഗാമിയായ മഹേന്ദ്രസിങ് ധോണിക്ക് കൈമാറിയതെന്ന് ഗൗതം ഗംഭീർ.
ഗാംഗുലിയാണോ ധോണിയാണോ മികച്ച ക്യാപ്റ്റനെന്ന് കണ്ടെത്താൻ “കിക് ഇൻഫോ’ നടത്തിയ സർവേയിൽ പങ്കെടുക്കുമ്പോഴാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്. ഗാംഗുലി, ധോണി എന്നിവർക്കു കീഴിൽ കളിച്ചിട്ടുള്ള ഗംഭീറിനു പുറമെ ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗെയിം സ്മിത്ത്, ശ്രീലങ്കയുടെ മുൻ നായകൻ കുമാർ സംഗക്കാര, മുൻ ഇന്ത്യൻ താരം ശ്രീകാന്ത് എന്നിവരാണ് സർവേയുടെ ഭാഗമായി നിലപാട് വ്യക്തമാക്കിയത്.
വർഷങ്ങൾക്കിപ്പുറം ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന സമയത്ത് പിൻഗാമിയായ വിരാട് കോലിക്ക് കൊടുത്തത് രോഹിത് ശർമയെ മാത്രമാണെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. ക്യാപ്റ്റൻ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന സമയത്ത്, പിൻഗാമിയായ വിരാട് കോലിക്ക് അധികം നല്ല താരങ്ങളെ സമ്മാനിക്കാൻ ധോണിക്ക് കഴിഞ്ഞിട്ടില്ല.
“പക്ഷേ ഇന്ത്യൻ ക്രിക്കറ്റിന് സൗരവ് ഗാംഗുലി നൽകിയ സംഭാവനകൾ നോക്കൂ. രണ്ട് ലോകകപ്പുകളിൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയ യുവരാജ് ഗാംഗുലിയുടെ കണ്ടെത്തലാണ്. ഹർഭജൻ സിങ്, സഹീർ ഖാൻ, വീരേന്ദർ സേവാഗ് തുടങ്ങിയ ലോകോത്തര താരങ്ങളെ ധോണിക്ക് നൽകിയാണ് ഗാംഗുലി പടിയിറങ്ങിയത്” – ഗംഭീർ പറഞ്ഞു.
രോഹിത്തിനു പുറമെ കോലിയും പിന്നീട് ജസ്പ്രീത് ബുമയും ധോണിയുടെ കണ്ടെത്തലായി ഇപ്പോഴത്തെ ടീമിലുണ്ട്. എങ്കിലും ലോകോത്തര നിലവാരമുള്ള അധികം താരങ്ങളില്ലെന്ന് പറയേണ്ടി വരും. മത്സരം ജയിപ്പിക്കാൻ കെൽപ്പുള്ളവരും താരതമ്യേന കുറവാണ്’ – ഗംഭീർ ചൂണ്ടിക്കാട്ടി.