
IPLT20 2020 Bangalore vs Hyderabad | ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച് ബെംഗളൂരു മലയാളി ദേവ്ദത്ത് പടിക്കൽ. തന്റെ ആദ്യ ഐ പി എൽ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറിയുമായാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്.
ഓസീസ് ക്യാപ്റ്റൻ കൂടിയായ ആരോൺ ഫിഞ്ചിനെ ഒരറ്റത്ത് സാക്ഷിനിർത്തിയായിരുന്നു ദേവ്ദത്തിന്റെ കടന്നാക്രമണം. 42 പന്തിൽ എട്ടു ഫോറുകൾ സഹിതമായിരുന്നു ദേവ്ദത്തിന്റെ അർധസെഞ്ചുറി. പതിനൊന്നാം ഓവറിലെ അവസാന പന്തിൽ ദേവദത്ത് പുറത്താകുമ്പോൾ ബാംഗ്ലൂർ മികച്ച നിലയിൽ എത്തിയിരുന്നു.
ബൗളിങ്ങിന് അനുകൂലമായ പിച്ച് ആയതുകൊണ്ട് ടോസ് ലഭിച്ച ഹൈദരാബാദ് ബാംഗ്ളൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ ആദ്യ ഓവറിൽ ശ്രദ്ധയോടെ കളിച്ച ദേവദത്ത് അടുത്ത ഓവർ മുതൽ ആക്രമിച്ച് കളിക്കാൻ തുടങ്ങി. മറുവശത്ത് ഫിഞ്ച് റൺസ് കണ്ടെത്താൻ ബുന്ധിമുട്ടുന്നുണ്ടായിരുന്നു. എന്നാൽ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച രീതിയിൽ ആയിരുന്നു ദേവദത്തിന്റെ ബാറ്റിംഗ്.
ആറാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി. ഇതിൽ 35 റൺസും ദേവ്ദത്തിന്റെ വക. ബൗണ്ടറികളുടെ ഒഴുക്കിന് ചെറിയൊരു ഇടവേള വന്നെങ്കിലും 10–ാം ഓവറിൽ ദേവ്ദത്തിന്റെ അർധസെഞ്ചുറി പിറന്നു. 36 പന്തിൽ എട്ടു ഫോറുകൾ സഹിതമായിരുന്നു അരങ്ങേറ്റത്തിലെ അർധസെഞ്ചുറി.