
IPLT20 Delhi Capitals won on Super Over | മയാംഗ് അഗര്‍വാളിന്റെ ഇന്നിംഗ്സിനെ അതിജീവിച്ച് മത്സരം സൂപ്പര്‍ ഓവറിലേക്ക് നയിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന് സൂപ്പര്‍ ഓവറില്‍ അനായാസ ജയം. സൂപ്പര്‍ ഓവറില്‍ പന്തെറിയാനെത്തിയ കഗിസോ റബാഡ ആദ്യ മൂന്ന് പന്തില്‍ തന്നെ ലോകേഷ് രാഹുലിനെയും നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് നേടാനായത് വെറും 2 റണ്‍സ് മാത്രം.
മുഹമ്മദ് ഷമി പഞ്ചാബിന് വേണ്ടി എറിഞ്ഞ ഓവറില്‍ 2 പന്തില്‍ 3 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് അപ്രവചനീയമായ മത്സരം ജയിച്ച് മുഴുവന്‍ പോയിന്റും സ്വന്തമാക്കുകയായിരുന്നു.
55/5 എന്ന നിലയില്‍ നിന്ന് മത്സരം കൈവിട്ടുവെന്ന ഏവരുടെയും വിലയിരുത്തലുകളെ തെറ്റിച്ച് കിംഗ്സ് ഇലവന് പഞ്ചാബിനെ വിജയത്തിലേക്ക് മയാംഗ് അഗര്‍വാല്‍ നയിക്കുമെന്ന് കരുതിയെങ്കിലും തോല്‍വിയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.

ഇരു പക്ഷത്തേക്കും മാറി മറിഞ്ഞ മത്സരം അവസാന മൂന്ന് പന്തുകള്‍ അവശേഷിക്കെ പഞ്ചാബ് 1 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മത്സരം ടൈയിലാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചത്.
അവസാന ഓവറില്‍ വിജയത്തിനായി12 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി മയാംഗ് ആദ്യ പന്തില്‍ തന്നെ സിക്സ് നേടി. അടുത്ത പന്തില്‍ ഡബിള്‍ നേടിയതോടെ ലക്ഷ്യം നാല് പന്തില്‍ അഞ്ചായി മാറി. അടുത്ത പന്തില്‍ ബൗണ്ടറി നേടി സ്കോറുകള്‍ ഒപ്പമെത്തിച്ചുവെങ്കിലും ഒരു പന്ത് അവശേഷിക്കെ ജയം ഒരു റണ്‍സ് അകലെയുള്ളപ്പോള്‍ മയാംഗ് പുറത്താകുകയായിരുന്നു.
സ്റ്റോയിനിസ് എറിഞ്ഞ ഓവറിന്റെ അവസാന മൂന്ന് പന്തിലാണ് പഞ്ചാബ് മത്സരം കൈവിടുന്നത് കണ്ടത്. 60 പന്തില്‍ നിന്ന് 89 റണ്‍സാണ് മയാംഗ് നേടിയത്. 101/6 എന്ന നിലയില്‍ നിന്ന് 157/6 എന്ന നിലയിലേക്ക് മയാംഗ് ടീമിനെ എത്തിച്ചുവെങ്കിലും ജയമെന്ന ലക്ഷ്യത്തിലേക്ക് ടീമിനെ നയിക്കുവാന്‍ മയാംഗിന് സാധിച്ചില്ല.
തുടക്കത്തില്‍ മുഹമ്മദ് ഷമി ഏല്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ് പതറിയെങ്കിലും അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സ്റ്റോയിനിസിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ രണ്ടാമത്തെ മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ 157/8 റണ്‍സ് നേടി ഡല്‍ഹി.