
Suresh Raina Chennai Super Kings, Suresh Raina breaks silence / റെയ്ന ഐ.പി.എല്ലിൽ നിന്നും പിന്മാറി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം നിരവധി ഊഹാപോഹങ്ങളും കഥകളും പ്രചരിച്ചിരുന്നു. എന്നാൽ റെയ്ന തന്റെ ട്വിറ്റർ പോസ്റ്റിലൂടെ കാരണം വ്യക്തമാക്കുകയാണ്. പത്താൻകോട്ടിലുണ്ടായ ആക്രമണത്തിൽ അമ്മാവൻ കൊല്ലപ്പെട്ടു എന്നും കസിൻ ഇന്നലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു എന്നും റെയ്ന പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
“പഞ്ചാബിൽ വെച്ച് എന്റെ കുടുംബത്തിന് സംഭവിച്ചത് ഭീതിപ്പെടുത്തുന്നതാണ് . എന്റെ അമ്മാവനെ അവർ കൊന്നു, എന്റെ അമ്മായിക്കും കസിൻമാർക്കും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കസിനും ഇന്നലെ രാത്രി മരണമടഞ്ഞു. അമ്മായി ഇപ്പോഴും വളരെ ഗുരുതരാവസ്ഥയിലാണ്. ആ രാത്രി കൃത്യമായി എന്താണ് സംഭവിച്ചതെന്നും ആരാണ് ഇത് ചെയ്തതെന്നും ഇതുവരെ ഞങ്ങൾക്ക് അറിയില്ല. ഈ വിഷയം പരിശോധിക്കാൻ ഞാൻ പഞ്ചാബ് പൊലീസിനോട് അപേക്ഷിക്കുന്നു. ആരാണ് ഈ ക്രൂരമായ പ്രവൃത്തി ചെയ്തതെന്ന് അറിയാൻ ഞങ്ങൾക്ക് അർഹതയുണ്ട്. ആ കുറ്റവാളികളെ വെറുതെ വിടരുത്” – റെയ്ന ട്വിറ്ററിൽ കുറിച്ചു.
മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു.
നേരത്തെ റെയ്നയ്ക്ക് ദുബായിൽ നൽകിയ ക്വറന്റീൻ കേന്ദ്രത്തിൽ സൗകര്യങ്ങൾ കുറവാണെന്നും ധോണിക്ക് ( MS Dhoni ) നല്കിയതുപോലെ സൗകര്യങ്ങൾ ഉള്ള ഹോട്ടൽ മുറി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാനേജ്മെൻ്റ് ഇത് നിരസിച്ചു. ഇതോടൊപ്പം ക്യാമ്പിൽ കൊവിഡ് പടർന്നതും റെയ്നയെ ഭയപ്പെടുത്തി. ഇത് മൂലമാണ് നാട്ടിലേക്ക് മടങ്ങിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ യഥാർത്ഥ കാരണം റെയ്ന വ്യക്തമാക്കിയിട്ടില്ല.