
ന്യൂഡൽഹി∙ അതിർത്തി പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു, ഇനി ഇന്ത്യയിലെ ഉപഭോഗ്താക്കൾക്ക് ഡൌൺലോഡ് ചെയ്യാൻ കഴിയില്ല.
ആപ്പ് സ്റ്റോറിൽ നിന്നും ഇനി ഇന്ത്യയില്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ‘നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല’ എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ആപ്പുകളിൽ ചിലതിന്റെ ഉടമകൾ, ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു പ്രവർത്തിക്കുന്നവയാണ്. നിരോധിച്ചതിൽ യുസി ന്യൂസ് ഉൾപ്പെടെ ചിലത് ഇന്ത്യ – ചൈന ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ക്ലബ് ഫാക്ടറി ഉൾപ്പെടെയുള്ള ഇ–കൊമേഴ്സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു.
ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി.
പാർലമെന്റിലുൾപ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയും പരിഗണിച്ചാണു നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.