
International space station view from kerala / രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തിൽ കണ്ടു തുടങ്ങി. തിങ്കളാഴ്ച രാത്രി 7.45 മുതലാണ് കേരളത്തിൽ രാജ്യാന്തര ബഹിരാകാശ നിലയം മേഘങ്ങൾക്കിടയിലൂടെ നീങ്ങുന്നത് ദൃശ്യമായത്.
ആകാശത്ത് ഈ വിസ്മയം കണ്ടവർ ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയകളിൽ ഷെയർ ചെയ്തു. ഈ മാസം 19 വരെ ഈ വിസ്മയക്കാഴ്ച ആകാശത്തു കാണാൻ കഴിയുമെന്ന് വിദഗ്ദർ പറയുന്നു. ജൂലൈ 16-ന് രാവിലെ 5.40 – മുതൽ ആറുമിനിറ്റ് നിലയം കാണാൻ സാധിക്കും. വൈകുന്നേരം 7 മണിമുതൽ നിലയം വീണ്ടും കാണാൻ സാധിക്കും.
ജൂലൈ 17-ന് രാവിലെ 4.54-മുതൽ അഞ്ചുമിനിറ്റുവരെ നിലയം കാണാം. ജൂലൈ പതിനെട്ടിന് രാവിലെ 5.42-മുതൽ വീണ്ടും അഞ്ചുമിനിറ്റ് നിലയം ആകാശത്തു പ്രത്യക്ഷപ്പെടും. ജൂലൈ 19-ന് രാവിലെ 4.55 മുതൽ നിലയം വളരെ നന്നായി കാണാനാൻ സാധിക്കും.
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശ നിലയം ഭൂമിയെ വലംവെയ്ക്കുന്നത്. സഞ്ചാരവേഗം സെക്കൻഡിൽ 7.66 കിലോമീറ്റർ, മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.68 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ വലംവെയ്ക്കും. ഒരു ദിവസം 15.54 തവണയാണ് നിലയം ഭൂമിയെ വലംവെയ്ക്കുന്നത്.
ആറുപേർക്ക് താമസിക്കാൻ സൗകര്യമുള്ള രാജ്യാന്തര നിലയത്തിൽ ഇപ്പോൾ അഞ്ചുപേരുണ്ട്. അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമിച്ച രാജ്യാന്തര ബഹിരാകാശനിലയം 1998 നവംബർ 20 നാണ് വിക്ഷേപിച്ചത്.