
Tomodachi Robot in Kannur Medical College / കൊറോണവൈറസ് രോഗികളെ നിരീക്ഷിക്കാൻ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ‘ടോമോഡാച്ചി’ എന്ന് പേരുള്ള റോബോട്ട് പ്രവർത്തിച്ചുതുടങ്ങിയത്. കോവിഡ് രോഗികളെ ഇനി ആദ്യം പരിശോധിക്കുക ഈ റോബോട്ടായിരിക്കും.
അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തിങ്ക് ഫോ ടെക്കുമായി ചേർന്നാണ് ഈ റോബോർട്ടിനെ നിർമ്മിച്ചത്. രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ്. വീഡിയോ കോൺഫറൻസ് വഴി ആരോഗ്യമന്ത്രി കെ കെ ശൈലജ ടോമോഡാച്ചിയുടെ ഉത്ഘാടനം നിർവഹിച്ചു.
ആൻഡ്രോയിഡ് വേർഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ക്യാമറ ഉൾപ്പടെ നൂതന സംവിധാനങ്ങളോടെയാണ് റോബോട്ടിനെ തയ്യാറാക്കിയിരിക്കുന്നത്. സുഹൃത്ത് എന്നർത്ഥം വരുന്ന “ടോമോഡാച്ചി” എന്ന ജപ്പാനീസ് പദമാണ് ഈ റോബോട്ടിന് പേരായി നൽകിയിരിക്കുന്നത്.
രോഗിയുടെ വിവരങ്ങൾ ടോമോഡാച്ചി അപ്പപ്പോൾ ഡോക്ടർമാർക്കും നഴ്സുമാർക്കും കൈമാറും. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്. ഐസിയു മോണിറ്ററിൽ തെളിയുന്ന വെന്റിലേറ്റർ ഗ്രാഫ്, ഇസിജി ഗ്രാഫ്, ബിപി, ഓക്സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് എന്നിവയെല്ലാം പുറത്തുനിന്നുതന്നെ നിരീക്ഷിക്കാനും കഴിയും.
ബെഡ് നമ്പർ അമർത്തിയാൽ ഓരോ രോഗിയുടെയും വിശദാംശങ്ങൾ റോബോട്ട് ലഭ്യമാക്കും. കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഐസിയു രോഗികളടക്കമുള്ളവരെ മുഴുവൻ നേരം നിരീക്ഷിക്കാനും ഇത് വഴി സാധ്യമാകും.